കൊടുങ്ങല്ലൂർ: നഗരസഭ കൗൺസിലറും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ.കെ. ഹാഷിക്കിനെ സിപിഎമ്മിൽനിന്നും പുറത്താക്കി. സദാചാരവിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് നടപടി. തിരുവനന്തപുരത്ത് കഴിഞ്ഞദിവസം നടന്ന എൽഡിഎഫ് സമരത്തിന്റെ മറവിൽ സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് മർദനമേറ്റതിനെ ചൊല്ലിയുണ്ടായ വിവാദമാണ് പുറത്താക്കാൻ കാരണമായത്. ഇതുസംബന്ധിച്ച ലോക്കൽ കമ്മിറ്റി തീരുമാനം മേൽ കമ്മിറ്റികൾക്ക് കൈമാറി.
സിപിഎം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി അംഗമായ കെ.കെ. ഹാഷിക്ക് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാണ്. ഈ പദവിയിൽ നിന്നും കൊടുങ്ങല്ലൂർ ഗ്രാമോദ്ധാരണ സഹകരണ സംഘം പ്രസിഡന്റ് സ്ഥാനത്തുനിന്നും സിപിഎം നീക്കിയിട്ടുണ്ട്.
ഇതിനിടെ ആരോപണ വിധേയനായ കെ.കെ. ഹാഷിക്കിന്റെ രാജി എഴുതിവാങ്ങി പുറത്താക്കണമെന്നും ബിജെപി മുനിസിപ്പൽ പാർലിമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കളങ്കിതനായ കെ.കെ. ഹാഷിക്കിന്റെ കൗൺസിലർ സ്ഥാനം രാജിവയ്ക്കുന്നതുവരെ ശക്തമായ സമരങ്ങൾ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ പറഞ്ഞു. രശ്മി ബാബു, രേഖ സൽ പ്രകാശ്, ജയദേവൻ, അംജിത്ത് എന്നിവർ സംസാരിച്ചു.